തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം മതമേലധ്യഷന്മാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് മോദി സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഏപ്രില്‍ 24നാണ് സന്ദര്‍ശനത്തിനായി മോദി കേരളത്തിലെത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് ആദ്യ ദിവസം പങ്കെടുക്കുക. തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും സന്ദര്‍ശനത്തിനിടെ മോദി നിര്‍വഹിക്കും.
ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംകള്‍ നേര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനങ്ങള്‍.