കൊച്ചി: ആലുവയില്‍ ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന 28 കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. ഒഡീഷ കണ്ടമാല്‍ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക് ദോല് പ്രധാന് (31), ശര്‍മ്മാനന്ദ് പ്രധാന് (23) എന്നിവരാണ് പിടിയിലായത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിലേക്കാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. നക്സല്‍ സ്വാധീനമുള്ള കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്ന് 1.25 ലക്ഷം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരില്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം.
പിടികൂടിയ പ്രതികള്‍ നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. മൊത്തവില്‍പ്പനയാണ് ലക്ഷ്യമെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു.