ലഖ്നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെ എല്‍ രാഹുലിന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്സുകളുടെ എണ്ണത്തില്‍ വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി രാഹുല്‍. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്നാണ് രാഹുലിൻ്റെ നേട്ടം.
തൻ്റെ 197ആം ഇന്നിംഗ്സിലാണ് രാഹുൽ 7000 ടി-20 റൺസ് തികച്ചത്. ഈ നേട്ടത്തിലെത്താൻ കോലിക്ക് 212 ഇന്നിംഗ്സ് വേണ്ടിവന്നു. 136 സ്ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ഇത്രയും റണ്‍സിലെത്തിയത്.
ട്വന്റി20 ക്രിക്കറ്റില്‍ 246 ഇന്നിംഗ്സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സുരേഷ് റെയ്ന(251), രോഹിത് ശര്‍മ്മ(258) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചിരുന്നു. 7 റൺസിനാണ് ഗുജറാത്തിൻ്റെ ജയം. ഗുജറാത്ത് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 128 റൺസ് നേടാനേ സാധിച്ചുള്ളൂ. 61 പന്തിൽ 68 നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്മദും മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 135 റൺസ് നേടിയത്. 50 പന്തിൽ 66 നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. വൃദ്ധിമാൻ സാഹ 37 പന്തിൽ 47 റൺസ് നേടി പുറത്തായി. ലക്നൗവിനായി സ്റ്റോയിനിസും കൃനാലും 2 വിക്കറ്റ് വീതം വീഴ്ത്തി.