കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.
വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്.
പതിനഞ്ച് മിനുട്ട് ഇടവേളകളിൽ വാട്ടർ മെട്രോ സർവീസ് നടത്തും. പ്രാരംഭ ഘട്ടമായതിനാൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ സർവീസ് നടത്താനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾക്കിടയിലെ സമയം നിജപ്പെടുത്തും. വ്യാഴാഴ്ച മുതൽ കാക്കനാട്- വൈറ്റില റൂട്ടിലും തിരിച്ചും വാട്ടർമെട്രോ പൊതുജനങ്ങൾക്കായി സർവീസ് നടത്തി തുടങ്ങും. 30 രൂപയാണ് യാത്രാനിരക്ക്. മറ്റ് റൂട്ടുകളിലേക്ക് സർവീസ് ആരംഭിച്ചാൽ കൂടിയ നിരക്ക് 40 രൂപ ആയിരിക്കും.
മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്.ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപ. ജല മെട്രോയിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂർത്തിയാകുമ്പോള് 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും.
ടിക്കറ്റ് നിരക്ക്
കൂടിയ നിരക്ക്- 40 രൂപ
കുറഞ്ഞ നിരക്ക്: 20 രൂപ
ഹൈക്കോർട്ട് -വൈപ്പിൻ: 20 രൂപ
വൈറ്റില- കാക്കനാട്- 30 രൂപ
പ്രതിവാര പാസ്: 180 രൂപ
പ്രതിമാസ പാസ്: 600 രൂപ
ത്രൈമാസ പാസ്: 1500 രൂപ