മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിൽ (28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചെമ്പകുത്ത് മലയുടെ മുകളിൽ നിന്നാണ് റിതാന്റെ മൃതദേഹം കണ്ടെത്തിയത്.
റിദാന്റെ നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്നു മുറിവുകൾ കണ്ടെത്തി. തലയ്ക്കു പിന്നിൽ അടിയുമേറ്റിരുന്നു. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
കൊലപാതകത്തിൽ ലഹരി–സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രാത്രി വീട്ടിൽനിന്ന് പോയ റിദാൻ ബാസിൽ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.
സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കേളേജിലേക്ക് മാറ്റി.