ഡല്‍ഹി: രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. വീടൊഴിയാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം താൻ 18 വർഷത്തോളം കഴിഞ്ഞ ഒദ്യോഗിക വസതിയുടെ പടിയിറങ്ങിയത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും.
ഇന്ത്യയിലെ ജനങ്ങളാണ് തനിക്ക് ഈ വീട് നൽകിയതെന്നും അതിന് അവരോട് നന്ദി പറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സത്യം പറഞ്ഞതിന്റെ വിലയാണ് താൻ നൽകുന്നത്. അതിന്റെ വില നൽകാൻ ഇനിയും താൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടൊഴിയുന്ന സമയം രാഹുലിനൊപ്പം അമ്മ സോണിയ ഗാന്ധി, സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.
2004 മുതൽ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്. 2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്.
വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. മോദി പരാമര്‍ശത്തില്‍ മാർച്ച് 23നാണ് സൂറത്ത് സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ ഉത്തരവ് മാർച്ച് 24ന് വന്നു.
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഒദ്യോഗിക വസതി ഒഴിയാൻ കേന്ദ്രസർക്കാർ രാഹുലിനോട് ആവശ്യപ്പെട്ടത്. മോദി പരാമർശത്തിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് രാഹുൽ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. തൊട്ടുപിന്നാലെ എംപി എന്ന നിലയിൽ അനുവദിച്ച വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.