തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറി ഡിജിപിയുടെ ഉത്തരവ്. കേസ് ഫയലുകൾ പോലീസിന് കൈമാറാൻ ഡിജിപി അനിൽ കാന്ത് നിർദേശം നൽകി.
നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. സംഭവത്തിന് സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാൾക്കുമേലുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത് എന്ന പൊലീസിന്റെ നിഗമനം കൂടി കണക്കിലെടുത്താണ് വിപുലമായ അന്വേഷണം നടത്താൻ എൻഐഎ തീരുമാനിച്ചത്.
ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ് പ്രസില്‍ തീവയ്പുണ്ടായത്.