ന്യൂഡല്‍ഹി: ലാവലിൻ കേസ് സുപ്രിം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രിം കോടതി കേസ് പരിഗണിച്ചിരുന്നില്ല.
മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിന്‍ ഹര്‍ജികള്‍ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജികള്‍ അന്ന് പരിഗണിച്ചിരുന്നത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്.
കേസില്‍ സി.ബി.ഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജുമായിരുന്നു.
അതേസമയം, സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാര്‍ മേത്ത തിങ്കള്‍ഴ്ച്ച ഹാജരാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ ലാവലിന്‍ ഹര്‍ജികളില്‍ സി.ബി.ഐയ്ക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകാന്‍ സാധ്യത കുറവാണ്.