ന്യൂഡൽഹി: കേരളത്തിലെ കോവിഡ് കേസുകളിൽ വൻ വർധനയെന്നു ചൂണ്ടിക്കാട്ടി മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ബുധനാഴ്ച വരെയുള്ള ആഴ്ചയിലെ കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 28.25% ആയിരുന്നു. എന്നാൽ ഇതേ കാലയളിൽ ദേശീയ പോസിറ്റിവിറ്റി നിരക്ക് 5.5% ആണ്.
മാത്രമല്ല, എല്ലാ ജില്ലകളിലും ഇതേ കാലയളവിൽ 10% അധികം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കേരളത്തിലെ നാലു ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. കോട്ടയം (30.5%), ഇടുക്കി (31.7%), വയനാട് (34.3%), എറണാകുളം (35.0%) എന്നീ ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. നിലവിൽ ആലപ്പുഴയിലാണ് (20.0%) പോസിറ്റിവിറ്റി നിരക്ക് കുറവ്.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ അഞ്ചിന മാർഗനിർദേശങ്ങൾ സംസ്ഥാന ആരോഗ്യ വിഭാഗം പുറപ്പെടുവിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു. പരിശോധന, നിരീക്ഷണം, ചികിത്സ, വാക്സിനേഷൻ, കോവിഡ് സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റം തുടങ്ങിയവ കൃത്യമായി നടപ്പാക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ 2000വും ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1000നു മുകളിലുമാണ് പ്രതിദിന കോവിഡ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ജില്ലാ തലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകള്‍ കൃത്യമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. ജനിതക ശ്രേണീകരണം ഉള്‍പ്പെടെ നടത്തണമെന്നും നിര്‍ദേശിച്ചു.