അമരാവതി: ഇന്ത്യൻ വിദ്യാർഥി യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 12.50നാണ് വെടിവെപ്പുണ്ടായത്.
യുഎസിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു.
കൊളംബസ് ഫയർ സർവീസ് ഉദ്യോഗസ്ഥർ എത്തി സയേഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 1.27ഓടെ സയേഷ് മരിച്ചു. കൊലപാതകിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
കോഴ്സ് തീരാന്‍ 10 ദിവസം ബാക്കിയുള്ളപ്പോഴാണ് വെടിവെപ്പില്‍ സയേഷിന് ജീവന് നഷ്ടപ്പെട്ടത്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സയേഷ് കൊല്ലപ്പെട്ടുവെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.