അബുദാബി: പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കരിമരുന്ന് ഉപയോഗത്തിനു കടിഞ്ഞാണിട്ടു യുഎഇ. ലൈസന്‍സില്ലാതെ കരിമരുന്ന് ഉപയോഗിക്കുന്നതിനും അത്തരം സാധനങ്ങളുടെ വ്യാപാരവും ഇറക്കുമതിയും കയറ്റുമതിയും നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും യുഎഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.
രാജ്യത്തെ ആയുധനങ്ങളും സ്ഫോടക വസ്തുക്കളും സൈനിക ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും അപകട സാധ്യതയുള്ള സാധനങ്ങളും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള 2019ലെ ഫെഡറല്‍ നിയമം 19 അനുസരിച്ചാണ് ഇത്തരം കാര്യങ്ങള്‍ കുറ്റകരമായി മാറുന്നത്. ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും നിയമലംഘകര്‍ക്ക് ലഭിക്കും.
കരിമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാനായി യുഎഇ പ്രോസിക്യൂഷന് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിയമ നടപടികളില്‍ നിന്ന് ഒഴിവാകണമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്.