കൊച്ചി: കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മോദിയുടെ സന്ദര്‍ശനം കേരളത്തില്‍ വലിയ മാറ്റത്തിനുള്ള തുടക്കമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്നാനായ സഭകള്‍, കല്‍ദായ, ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണം നല്‍കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രി ഈ മാസം 24നാണ് കേരളത്തിലെത്തുന്നത്. ആദ്യദിനം കൊച്ചിയിലെ മെഗാ റോഡ് ഷോയില്‍ പങ്കെടുക്കുന്ന മോദി ഏപ്രില്‍ 25-ന് തിരുവനന്തപുരത്തുവെച്ച് വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫും കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
കഴിഞ്ഞ കുറച്ചുനാളുകളായി ബിഷപ്പുമാരുള്‍പ്പെടെ ബിജെപി അനുകൂല പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.