ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ ആദ്യ പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണം നടന്ന് മിനിറ്റുകൾക്കകമായിരുന്നു പൊട്ടിത്തെറി. ടെക്സസിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റാണ് ഇതെന്നായിരുന്നു അവകാശവാദം. ചന്ദ്രനിലേക്കും ചൊവ്വാ ഗ്രഹത്തിലേക്കും അതിനുമപ്പുറത്തേക്കുള്ള പര്യവേക്ഷണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം. ഭൂമിയിലെ യാത്രകൂടി സാധ്യമാകും എന്നതാണ് സ്റ്റാര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം. പ്രാദേശികസമയം രാവിലെ 8.33 (ജിഎംടി 13.33) ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. വിക്ഷേപിച്ച് മൂന്നു മിനിറ്റ് ആകുമ്പോൾ സ്റ്റാർഷിപ് ക്യാപ്സ്യൂൾ റോക്കറ്റ് ബൂസ്റ്ററിൽനിന്നു വിട്ടുപോരേണ്ടതായിരുന്നു. എന്നാൽ ഇതു പരാജയപ്പെട്ടു. പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ പരീക്ഷണ വിക്ഷേപണമായതിനാൽ ബഹിരാകാശ സഞ്ചാരികൾ ഉണ്ടായിരുന്നില്ല.
നേരത്തെ തിങ്കളാഴ്ച വൈകിട്ട് റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താൻ സ്പേസ് എക്സ് ശ്രമിച്ചിരുന്നു. എന്നാല്‍ വാല്‍വിലുണ്ടായ തകരാര്‍ മൂലം 9 മിനിറ്റ് മുന്‍പ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. 400 അടിയാണ് ഇതിന്റെ നീളം.