തിരുവനന്തപുരം : എഐ ക്യാമറ ഇടപാടിൽ ദുരൂഹതയാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നൽകുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെൻന്റർ വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം കമ്പനികളാണ് അപേക്ഷ നൽകിയത്. പിഴയിൽ എത്ര ശതമാനം തുകയാണ് കമ്പനികൾക്ക് നൽകുകയെന്ന് വ്യക്തമാക്കണം. പിഴയിൽ നിന്ന് വിഐപികളെ എന്ത് അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മാസം ബോധവതകരണം നടത്താനാണിത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്റണി രാജു പറഞ്ഞു.
ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726 ക്യാമറകളാണ് പ്രവർത്തിച്ച് തുടങ്ങിയത്. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടർന്നാണ് ഒരു മാസം ബോധവത്ക്കരണത്തിന് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും ആദ്യം നൽകുക. അടുത്ത മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്ഞാപനത്തെക്കാള് കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് പറഞ്ഞ ഗതാഗതമന്ത്രി, രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുന്നത് ഒഴിവാക്കില്ലെന്നും വ്യക്തമാക്കി.
726 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവ ഉപയോഗിക്കാത്തതിന് 500 രൂപ , മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറ കണ്ടെത്തിയത്.