ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു.
മലയോര മേഖലയിലെ കനത്ത മഴയ്ക്കിടെ, ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് വാഹനത്തിന് തീപടര്‍ന്നെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. കുന്നിന്‍പ്രദേശമായ ഇവിടെ കനത്ത മഴയുണ്ടായിരുന്നു. പൂഞ്ച് ഹൈവേയില്‍ കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു വാഹനം. ഉടന്‍തന്നെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു.
സൈന്യവും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.