ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവിനെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. സരുൺ സജി എന്ന യുവാവിനെതിരെയാണ് വനം വകുപ്പ് കള്ളക്കേസെടുത്തിരുന്നത്. സരുൺ സജിയുടെ വാഹനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മാസം വെച്ച് സരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസമാണ് ജയിലിൽ കിടന്നത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
എന്നാൽ, കണ്ണംപടിയിൽ വച്ച് യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതോടെ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തുയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു.
എന്നാൽ ഈ പരിശോധന ഫലം ഒരു മാസം മുൻപ് വന്നിരുന്നു. കാട്ടിറച്ചിയല്ലെന്ന് ആയിരുന്നു റിപ്പോർട്ട്. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി വൈകി. ഇപ്പോൾ മാത്രമാണ് വനം വകുപ്പ് ഈ കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്.
സംഭവത്തിൽ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.