ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ രാജസ്ഥാന് റോയല്‍സിനെ കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ 10 റണ്‍സിനാണ് ലഖ്നൗവിന്റെ വിജയം. ലഖ്നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.
യശസ്വി ജയ്സ്വാളും ജോസ് ബട്ലറും നല്കിയ മികച്ച തുടക്കത്തിന് ശേഷം നായകന് സഞ്ജു സാംസണും വെടിക്കെട്ട് വീരന് ഷിമ്രോന്‍ ഹെറ്റ്മെയറും ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും ദേവ്ദത്ത് പടിക്കലിനും മത്സരം ഫിനിഷ് ചെയ്യാനായില്ല.
ആദ്യം ബാറ്റുചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. മുട്ടിക്കളി തുടര്‍ന്ന രാഹുല്‍ 32 ബോളില്‍ 39 റണ്‍സുമായി മടങ്ങി. അവസാന അഞ്ച് ഓവറുകളില്‍ ക്രീസിലുണ്ടായിരുന്ന നിക്കോളാസ് പുരാന് 29 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 21 ഉം റണ്‍സില്‍ മടങ്ങി. ആയുഷ് ബദോനി ഒന്നിനും ദീപക് ഹൂഡ രണ്ട് റണ്ണിനും യുധ്വീര് സിംഗ് ഒന്നിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ 4* റണ്ണുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.
രാജസ്ഥാനായി രവിചന്ദ്രന്‍ അശ്വിന് രണ്ടും ട്രെന്‍ഡ് ബോള്‍ട്ടും ജേസന്‍ ഹോള്‍ഡറും സന്ദീപ് സിംഗും ഓരോ വിക്കറ്റും നേടി.