കോഴിക്കോട്: ലഹരിക്കടത്തുകാരനെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് എക്സൈസ് പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നോവ കാർ പിന്തുടരുകയായിരുന്നു. എന്നാൽ ഇന്നോവ കാർ കമ്മീഷണർ ഓഫീസിലേക്കാണ് കയറിയത്. കമ്മീഷണറെ ബിനാലെയ്ക്ക് ക്ഷണിക്കാൻ എത്തിയതെന്നായിരുന്നു അവിടെയുളള മറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെയെത്തിയ എക്സൈസ് സംഘം സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസും എക്സൈസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഒമർ സുൻഹർ ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനയ്ക്ക വിധേയനാക്കി. ഇയാളിൽ നിന്ന് 15ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.