ബംഗ്ലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാർ 40 പേരുടെ പട്ടികയിൽ ഇടം നേടി. അതേസമയം പട്ടികയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഉൾപ്പെടുത്തിയ കോൺഗ്രസ്, സച്ചിൻ പൈലറ്റിനെ ഒഴിവാക്കി.
കോൺഗ്രസ് താരപ്രചാരകരിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു. അഭിനേതാക്കളായ ഉമാശ്രീ, രമ്യ (ദിവ്യ സ്പന്ദന), ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരും പട്ടികയിലുണ്ട്.
2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന് പൈലറ്റും സംസ്ഥാനത്തെ താരപ്രചാരുടെ പട്ടികയിലുണ്ടായിരുന്നു. അടുത്തിടെ സമാപിച്ച അസം തെരഞ്ഞെടുപ്പിന്റെ സ്റ്റാർ പ്രചാരകരിൽ ഒരാളായിരുന്നു 45 കാരനായ അദ്ദേഹം. ഗഹലോത്തുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാവുന്നത്.
അതേസമയം, കർണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ ബിജെപിയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ എന്നിവർ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്.
കർണാടകത്തിൽ പത്രികാ സമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖർ പത്രിക നൽകി. ഇന്ന് 59 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.