ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഡാം സുരക്ഷാ നിയമപ്രകാരം സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടര്‍ ചെയര്‍മാനായി നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി. 2021 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്ഗനൈസേഷന് രൂപീകരിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലും ഉടമസ്ഥര്‍ തമിഴ്നാടുമായതിനാല് സ്പെസിഫൈഡ് ഡാമുകളുടെ പരിധിയില്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. ഇതോടെ സുപ്രീം കോടതി രൂപീകരിച്ച താല്‍ക്കാലിക സംവിധാനമായ മേല്‍നോട്ട സമിതി ഇല്ലാതായേക്കും. താത്കാലിക സംവിധാനം എന്ന നിലയിലാണ് മേല്‍നോട്ട സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയിരുന്നത്.
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടറാണ് ഓര്ഗനൈസേഷന് ചെയര്മാന്. കേരളത്തിന്റെയും, തമിഴ്നാടിന്റേയും ഓരോ അംഗങ്ങള്‍ ഓര്‍ഗനൈസേഷനില്‍ ഉണ്ടാകും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടറേറ്റിലെ ഡെപ്യുട്ടി ഡയറക്ടറാകും ഓര്ഗനൈസേഷന് മെമ്പര്‍ സെക്രട്ടറി.
സംസ്ഥാന ഡാം സുരക്ഷ സമിതിയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് എം.ആര്.ഷാ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് ഓഗസ്റ്റില്‍ പരിഗണിക്കും.
കേരളത്തിന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ഹരേന്‍ പി റാവല്‍, അഭിഭാഷകന് ജി പ്രകാശ് എന്നിവര്‍ ഹാജരായി. തമിഴ്നാടിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ ശേഖര്‍ നാഫഡെ, ഗുരു കൃഷ്ണകുമാര്‍, ഉമാപതി എന്നിവര്‍ ഹാജരായി.