തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ മരണത്തിൽ നിർണായ ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്. നയനയുടെ മരണത്തിൽ കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കൽ ബോർഡിന്‍റെ പ്രാഥമിക നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേകയോഗം ചേര്‍ന്നിരുന്നു.
ഫൊറന്‍സിക്- മാനസികാര്യോഗ്യ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വൈദ്യപരിശോധനാഫലങ്ങളും യോഗം വിലയിരുത്തി. എട്ടുപേരടങ്ങുന്ന സംഘമാണ് യോഗത്തിലുണ്ടായിരുന്നത്. 20 ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിലാകും മരണകാരണത്തെക്കുറിച്ച് അന്തിമമായ നിഗമനമുണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക.
ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍. മരണം സംഭവിച്ചത് പെട്ടെന്നല്ല. രണ്ടുമണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. കഴുത്തിലെ മുറുകിയ പാടും അടിവയറ്റിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു.
നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹ്യത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി.
സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് പകർത്തിയിരുന്നു.
നയന സൂര്യൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും കണ്ടെത്തലുണ്ട്. നയന കഴിച്ച മരുന്നുകൾ ഉൾപ്പെടെ പരിശോധിച്ചു. ലെനിൻ രാജേന്ദ്രന്‍റെ മരണ ശേഷം വാടക വീട്ടിനുള്ളിൽ നയനയെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നതായും കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയ ശേഷവും 3 പ്രാവശ്യം ചികിത്സ തേടിയതായും ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.കഴുത്തിനേറ്റ ക്ഷതങ്ങൾ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലെന്നും വിലയിരുത്തലുകളുണ്ട്.
















