ന്യൂഡൽഹി: കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ് എന്നും എന്നാൽ ഇപ്പോൾ പേടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വ്യവസായികളെ ഭീഷണിപ്പെടുത്താൻ ഒരു മാഫിയയ്ക്കും കുറ്റവാളികൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാർട്ടി മുൻ എം.പി അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഉത്തർപ്രദേശിലെ ക്രമസമാധാന നില തകർന്നുവെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച യോഗി ഈ പ്രസ്താവന നടത്തിയത്. ലക്നൗവിലും ഹർദോയിയിലും ടെക്സ്റ്റൈൽസ് പാർക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോൾ കുറ്റവാളികൾക്കോ മാഫിയകൾക്കോ ഫോൺ കോളിലൂടെ വ്യവസായികളെ ഭീഷണിപ്പെടുത്താൻ സാധിക്കില്ല. കലാപങ്ങൾക്ക് കുപ്രസിദ്ധി നേടിയ നാടായിരുന്നു ഉത്തർപ്രദേശ്. പല ജില്ലകളുടെയും പേര് പറഞ്ഞാൽ തന്നെ ആളുകൾ ഭീതിയിലാകും. ഇപ്പോൾ ഭയക്കേണ്ട സാഹചര്യമില്ല. 2012 മുതൽ 2017 വരെ 700 കലാപങ്ങളാണുണ്ടായത്. 2017 മുതൽ 2023 വരെ ഒറ്റ കലാപം പോലും ഉത്തർപ്രദേശിൽ ഉണ്ടായിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഒരു സാഹചര്യം പോലും ഉണ്ടായിട്ടില്ല. മുതൽ മുടക്കുന്നതിനും വ്യവസായം തുടങ്ങുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. സുശക്തമായ നിയമവാഴ്ചയാണ് ഉറപ്പു വരുത്തിയിരിക്കുന്നത്.”– യോഗി പറഞ്ഞു.
അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. ‘യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തി, കുറ്റവാളികളുടെ മനോവീര്യം ഉയർന്നിരിക്കുന്നു. സുരക്ഷാ വലയത്താൽ ചുറ്റപ്പെട്ടിട്ടും ഒരാളെ പരസ്യമായി കൊല്ലാൻ കഴിയുമ്പോൾ, പൊതുജനത്തിന്റെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതുമൂലം പൊതുജനങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ചിലർ മനഃപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു, ”സമാജ്വാദി പാർട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാകത്തിൽ യു.പി സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി പോലീസും മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. വിഷയം സുപ്രിംകോടതിയിലും എത്തിയിട്ടുണ്ട്. കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു. യുപി പോലീസിന്റെ വർധിച്ചുവരുന്ന ഏറ്റുമുട്ടൽ പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പൊലീസിന്റെ ഇത്തരം നടപടികൾ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കടുത്ത ഭീഷണിയാണെന്നും അത് പൊലീസ് രാജിലേക്ക് നയിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച രാത്രിയാണ് പ്രയാഗ്രാജിൽ മുൻ എംപിയും മാഫിയ തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്നത്. ഉമേഷ് പാൽ കൊലപാതക കേസിൽ പ്രതികളായിരുന്ന ഇവരെ പ്രയാഗ്രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് പേർ ചേർന്ന് പൊലീസ് നോക്കി നിൽക്കെ വെടിവച്ചുകൊന്നത്.