ന്യൂഡൽഹി: ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്. ഡൽഹിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റർ ജനറൽ എന്നിവർ കൂടിക്കാഴ്ച നടത്തി. നിയമനിർമ്മാണം സംബന്ധിച്ച് വിഷയം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷന് വിട്ടിരുന്നു. വിഷയം നിയമനിർമ്മാണസഭകളുടെ പരിധിയിൽ വരുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ട ചർച്ച സജീവമാകുന്നത്.
കോടതി ഉത്തരവിലൂടെ നടപ്പിലാക്കാതെ പാർലമെന്റിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കാനാണ് ആലോചിക്കുന്നതെന്ന് നേരത്തേതന്നെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപനമുണ്ടായി. ഇതിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സമിതികൾ രൂപീകരിക്കുകയും ചെയ്തിരുന്നു.
2014, 2019 ലോക്സഭ തിരഞ്ഞെടുപ്പ് വേളകളിൽ ഏകവ്യക്തി നിയമം നടപ്പിലാക്കുമെന്ന് ബിജെപി വാഗാദാനം നൽകിയിരുന്നതാണ്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ നിയമനിർമാണം നടത്തുമെന്ന സൂചനകളുമായി ബിജെപി എത്തുന്നത്. ഏകവ്യക്തിനിയമം നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്ക് മതാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കു പകരം ഒറ്റ നിയമമാകും.