അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന് റോയല്‍സ്. 178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന് സഞ്ജു സാംസണ് ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വെടിക്കെട്ടുമായി ഷിമ്രോന്‍ ഹെറ്റ്മെയര്‍ വിജയിപ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനം ഉറപ്പിച്ചു.
നായകൻ സഞ്ജു സാംസൺ(60), ഷിംറോൺ ഹെറ്റ്മെയർ(56*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് റോയൽസിനെ വിജയത്തിലെത്തിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ 26-2 എന്ന ദയനീയ നിലയിലായിരുന്നു റോയൽസ്. യശ്വസി ജെയ്സ്വാൾ(1), ജോസ് ബട്ലർ(0) എന്നിവർ വേഗം മടങ്ങിയതോടെ സ്കോറിംഗ് മെല്ലെയായി. ദേവ്ദത്ത് പടിക്കൽ(26), റിയാൻ പരാഗ്(5) എന്നിവർക്കൊപ്പം ചേർന്ന് സഞ്ജു സ്കോർ മുന്നോട്ട് കൊണ്ടുപോയി.
32 പന്തിൽ മൂന്ന് ഫോറുകളും ആറ് സിക്സുകളും പായിച്ചാണ് സഞ്ജു മടങ്ങിയത്. പിന്നാലെ ഹെറ്റ്മെയർ നടത്തിയ വെടിക്കെട്ടിനൊപ്പം ചേർന്ന്, നേരിട്ട ആദ്യ രണ്ട് പന്തിലും ബൗണ്ടറികൾ നേടി ആർ. അശ്വിൻ(10) ടീമിന്റെ സമ്മർദം കുറച്ചു. ഒടുവിൽ അഫ്ഗാൻ താരം നൂർ അഹ്മദിനെ സിക്സിന് പായിച്ച് ഹെറ്റ്മെയർ വിജയം സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാനും റോയൽസിനെ തുടക്കത്തിൽ പിടിച്ചുകെട്ടിയെങ്കിലും വിജയം തടുത്തുനിർത്താനായില്ല.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലർ (30 പന്തിൽ 46), ഓപ്പണർ ശുഭ്മാൻ ഗിൽ (34 പന്തിൽ 45) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ (3 പന്തിൽ 4) ട്രെന്റ് ബോൾട്ട് മടക്കി. പിന്നീടെത്തിയ സായ് സുദർശനും (19 പന്തിൽ 20) ഗില്ലും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അഞ്ചാം ഓവറിൽ സായ്യെ ബട്ലറും സഞ്ജുവും ചേർന്ന് റണ്ണൗട്ടാക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (19 പന്തിൽ 28) ഗില്ലുമാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഹാർദിക്കിനെ പുറത്താക്കി ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഇതിനുശേഷമെത്തിയ ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ ഗുജറാത്തിനു മാന്യമായ സ്കോർ നേടാനായി. രണ്ടു സിക്സും മൂന്നും ഫോറും അടങ്ങുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്സ്. അവസാന ഓവറിൽ സന്ദീപ് ശർമയാണ് മില്ലറിനെ പുറത്താക്കിയത്. അഭിനവ് മനോഹർ (13 പന്തിൽ 27), റാഷിദ് ഖാൻ (1 പന്തിൽ 1), രാഹുൽ തെവാത്തിയ (1 പന്തിൽ 1*) അൽസാരി ജോസഫ് (0*) എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റർമാരുടെ സ്കോറുകൾ.
രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, ആദം സാംപ, യുസ്വേന്ദ്ര ചെഹൽ, എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.