വിശ്രുത ഗായികയും നടിയുമായ കെ പി എ സി സുലോചനയുടെ വാർഷിക സ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ സാംസ്കാരിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 17ന് കായംകുളം സംസ്കാര മ്യൂസിക് അക്കാദമി അങ്കണത്തിൽ, കെ പി എ സി സുലോചനയുടെ സ്വവസതിയിൽ വെച്ച് കൂടുന്ന ചരമവാർഷിക ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും എന്ന് സംസ്കാരയുടെ ഡയറക്ടറും, കെ പി എ സി സുലോചനയുടെ ഭർത്താവുമായ കെ പി എ സി കലേശൻ അറിയിച്ചു.
കവിയും ചരിത്രകാരനുമായ ഡോ.രാജീവ് പുലിയൂർ രചിച്ച ‘പൊന്നരിവാൾ അമ്പിളിയിൽ’ എന്ന കെ പി എ സി സുലോചനയുടെ ജീവചരിത്രകൃതിക്കാണ് ഈ വർഷത്തെ സാംസ്കാരികപുരസ്കാരം.
മലയാളിയുടെ ഗാന സംസ്കൃതതിൽ ലയിച്ചു ചേർന്ന കെ പി എ സി സുലോചനയുടെ ശബ്ദം കേരള സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് കണ്ടെത്തുന്ന ജീവചരിത്ര പുസ്തകമാണ് പൊന്നരിവാൾ അമ്പിളിയിൽ.കേരള സമൂഹത്തിൻ്റെ പരിവർത്തനോന്മുഖമായ ഒരു കാലത്തെ അടയാ ളപ്പെടുത്തുക കൂടിയാണ് ഈ കൃതി. മഹത്തായ കലാകാരിയുടെ ജീവിത മുദ്രകൾ അടയാളെപ്പടുത്തിയ പുസ്തകത്തിനാണ് ഈ വർഷത്തെ കെപിഎസി സുലോചന പുരസ്കാരം.
ആലപ്പുഴ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് ആയി കേരള സർക്കാർ തെരഞ്ഞെടുത്ത കൃഷ്ണപുരം വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ അനൂപിനാണ് മികച്ച സേവനത്തിനുള്ള പുരസ്കാരം.
സംസ്ഥാന സ്ക്കൂൾ കലാമേളയിൽ ശാസ്ത്രീയ സംഗീതത്തിൽ മികച്ച വിജയം നേടിയ പാട്ടുകാരി കുമാരി ജെന്ന തോമസിനാണ് സംഗീതപുരസ്കാരം.
ഏപ്രിൽ 17ന് കെ പി എ സി സുലോചനയുടെ സ്വവസതിയിൽ വെച്ച് കൂടുന്ന അനുസ്മരണ സമ്മേളനം MLA പ്രതിഭ യു ഉദ്ഘാടനം ചെയ്യും. പൊന്നരിവാൾ അമ്പിളിയിൽ എന്ന പുസ്തകത്തിൻ്റെ ചർച്ചയും തുടർന്ന് പാട്ടുകൂട്ടം അവതരിപ്പിക്കുന്ന സംഗീതസദസ്സും ഉണ്ടായിരിക്കും.