ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് വിജയം. ഒറ്റയാള്‍ പോരാളിയായി കൊല്‍ക്കത്തയില്‍ നിറഞ്ഞാടി സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയ്ക്കും മുംബൈ വിജയം തടയാനായില്ല.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 51 പന്തില്‍ 104 റണ്‍സ് നേടിയ അയ്യരുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചെടുത്തു.
മറുപടി ബാറ്റിംഗില്‍ 17.4 ഓവറേ മുംബൈയ്ക്ക് വിജയം സ്വന്തമാക്കാന്‍ വേണ്ടി വന്നുള്ളൂ. സൂര്യകുമാര്‍ യാദവ് നേടിയ 25 പന്തിലെ 43 റണ്‍സും ഓപ്പണിംഗില്‍ വെടിക്കെട്ട് പ്രകടനം നടത്തി 25 പന്തില്‍ 58 റണ്‍സ് നേടിയ ഇഷാന് കിഷന്റെ ബാറ്റിംഗുമാണ് മുംബൈയ്ക്ക് കരുത്തായത്.
മുംബൈ നിരയില്‍ ഇംപാക്ട് താരമായി രോഹിത് ശര്‍മയാണ് എത്തിയത്. കാത്തിരുന്ന് കാത്തിരുന്ന് സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഇന്ന് മുംബൈയുടെ ആദ്യ 11ല്‍ ഇടം പിടിച്ചു. രണ്ട് ഓവറെറിഞ്ഞ അര്ജുന് 17 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടാനായില്ല.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത കളിയുടെ തുടക്കത്തിലെ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ ദുഅൻ ജാൻസെൻ വീഴ്ത്തി. പിന്നീട് ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ മുംബൈ ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. 104 റൺസിൽ നിൽക്കെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച വെങ്കിടേഷ് ജൻസെന്റെ കയ്യിൽ ഒതുങ്ങി. 51 ബോളിൽ ആറ് ഫോറും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംങ്സ്.
വാലറ്റത്ത് റിങ്കുവും ആൻഡ്രെ റസലും ചേർന്ന് മുംബൈയെ പതുക്കെ ആക്രമിച്ചു. എന്നാൽ 17 ബോളിൽ 18 റൺസ് എടുത്ത് റിങ്കുവും കൂടാരം കയറി. മൂന്ന് ഫോറിന്റെ അകമ്പടിയോടെ 11 പന്തിൽ 21 റൺസെടുത്ത് റസൽ വാലറ്റത്ത് ആക്രമിച്ച് കളിച്ചതോടെ 185 റൺസിൽ കൊൽക്കത്തയുടെ ബാറ്റിങ് അവസാനിച്ചു.
മുംബൈക്കായി ഹൃത്വിക് ഷൊക്കീൻ രണ്ട് വിക്കറ്റും പിയൂഷ് ചൗള, റിലേ മറെഡിത്ത്, കാമറൂൺ ഗ്രീൻ, ജൻസെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ എട്ടാമതും കൊല്‍ക്കത്ത അഞ്ചാമതുമായി.