വാങ്കഡെ: യുവതാരം അര്ജുന് തെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് അര്ജുന് മുംബൈയുടെ ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചത്. മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്ജുന് മുംബൈയുടെ ക്യാപ് സമ്മാനിച്ചു.
ഇതോടുകൂടി മറ്റൊരു റെക്കോർഡിന് ഐപിഎല്‍ സാക്ഷ്യം വഹിച്ചു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടമാണ് സച്ചിന് ടെന്‍ഡുല്‍ക്കറും അര്ജുന് ടെന്‍ഡുല്‍ക്കറും പേരിലാക്കിയത്. സച്ചിൻ ഐപിഎൽ തുടക്കം മുതൽ 2013ൽ വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു.
സച്ചിന് തെണ്ടുല്‍ക്കറുടെ മകനായ അര്ജുന് തെണ്ടുല്‍ക്കര്‍ 2021-ലാണ് മുംബൈ ഇന്ത്യന്‍സിലേക്ക് വരുന്നത്. അതിന് ശേഷം അര്‍ജുന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ രണ്ടുവര്‍ഷമായി മുംബൈ ടീമില്‍ ഇടം പിടിക്കാന്‍ അര്ജുന് സാധിച്ചില്ല.
കൊല്‍ക്കത്തയ്ക്കെതിരേ ആദ്യ ഓവര്‍ എറിഞ്ഞാണ് അര്ജുന് അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ രണ്ടോവര്‍ എറിഞ്ഞ താരം 17 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.