കൊച്ചി: വാഹനാപകടത്തെ തുടര്‍ന്നാണ് 38 വയസുകാരനായ എറണാകുളം പുത്തന്‍വേലിക്കര സ്വദേശി സുബിന് ഫ്രാന്‍സിസിനെ 13/4/12 ന് വ്യാഴാഴ്ച അതീവ ഗുരുതരനിലയില്‍ അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
അവയവദാനത്തിന്റെ മഹത്വത്തെകുറിച്ച് അറിയാമായിരുന്ന സുബിന്റെ ബന്ധുക്കള്‍ മൃതസഞ്ജീവനി പദ്ധതിക്ക് നേതൃത്വം നല്കുന്ന ഡോ. നോബിള്‍ ഗ്രേസിയസിനെ നേരിട്ട് ബന്ധപ്പെട്ട് അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റു നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവയവദാനം നടത്തിയത്. കരള്‍ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയിലുള്ള 23 വയസുകാരനായ യുവാവില്‍ വിജയകരമായി മാറ്റി വെച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 22 വയസുകാരനായ വടകര സ്വദേശിക്ക് നല്കിയപ്പോള് ഹൃദയം ലിസി ആശുപത്രിയിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാന്‍ ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയിലും മാറ്റി വെച്ചു.
വിഷുദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവയവങ്ങള്‍ മാറ്റി വെയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചത്. സുബിന്റെ വേര്‍പാടിന്റെ വേദനയിലും അവയവദാനത്തിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധുക്കള്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് മൃതസഞ്ജീവനി പ്രോഗ്രാം ഡയറക്ടര്‍ ഡോ. നോബിള്‍ കൂട്ടിച്ചേര്‍ത്തു.