ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നടപടിക്കെതിരെ ഡൽഹിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ആംആദ്മി പാർട്ടിയുടെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സിബിഐ ആവശ്യപ്പെട്ട സമയത്ത് തന്നെ ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു.
അതിനിടെ, എഎപി ഡൽഹിയിൽ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചു. അസാധാരണ സാഹചര്യത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് എഎപി വിശദീകരണം. നിയമസഭ സമ്മേളനം നിയമലംഘനം എന്ന് ബിജെപി പ്രതികരിച്ചു.