ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ നാളെ ചോദ്യം ചെയ്യാനിരിക്കെ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്രിവാളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷനും എഎപി കൺവീനറും ഇത്തരത്തിലൊരു സംഭാഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഞായറാഴ്ചയാണ് കെജ്രിവാളിനോട് ഹാജരാകാന്‍ സി.ബി.ഐ. നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. കഴിഞ്ഞ ദിവസം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കായി ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ക്ഷണപ്രകാരം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖർഗെ കേജ്രിവാളിനെ നേരിട്ട് വിളിച്ച് സംസാരിച്ചത്.
ഡല്‍ഹി മദ്യനയക്കേസില്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയ്ക്കാണ് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാന്‍ കെജ്രിവാളിനു നിര്‍ദ്ദേശമുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പ്രത്യേക നിയമസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സാഹചര്യം തൃപ്തികരമല്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജും വ്യക്തമാക്കി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിയമസഭയില്‍ തങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ആരോപണങ്ങളുന്നയിച്ച് കേന്ദ്രം സി.ബി.ഐ, ഇ.ഡി മുതലായ ദേശീയ ഏജന്‍സികളെ തങ്ങള്‍ക്കെതിരെ ആയുധമാക്കുകയാണെന്ന് കെജ്രിവാൾ ഇന്ന് ആരോപിച്ചിരുന്നു. കോടതിയിൽ വ്യാജ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇ.ഡിയ്ക്കും സി.ബി.ഐയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.