ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റൺസെടുത്തു. 175 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡൽഹി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് എടുത്തത്. ടോസ് ലഭിച്ച ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണർമാരായ വിരാട് കോലിയും (34 പന്തിൽ 50), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (16 പന്തിൽ 22) ചേർന്നു മികച്ച തുടക്കമാണ് ബാംഗ്ലൂരിനു നൽകിയത്. പവർപ്ലേയ്ക്കുള്ളിൽ തന്നെ ഡുപ്ലെസിയെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ 47ന് 1 എന്ന നിലയിലായിരുന്നു ബാംഗ്ലൂർ. അർധസെഞ്ചറി നേടിയതിനു തൊട്ടുപിന്നാലെ 11–ാം ഓവറിൽ കോലി ഔട്ടായി. മഹിപാൽ ലോംറോറും (18 പന്തിൽ 26) ഗ്ലെൻ മാക്സ്വെലും (14 പന്തിൽ 24) ചേർന്ന് സ്കോറിങ് ഉയർത്തി.
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ഹർഷൽ പട്ടേൽ (4 പന്തിൽ 6), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവർക്കും തിളങ്ങാനായില്ല. ഷഹബാസ് അഹമ്മദ് (12 പന്തിൽ 20*), അനൂജ് റാവത്ത് (22 പന്തിൽ 15*) എന്നിവർ പുറത്താകാതെ നിന്നു.
ഡൽഹിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മോശം തുടക്കാമായിരുന്നു ഡല്‍ഹിക്ക്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (0), മിച്ചല്‍ മാര്‍ഷ് (0) യഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19) എന്നിവരാണ് നാല് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് മടങ്ങിയത്.
അഭിഷേക് പോറല്‍ (5), ലളിത് യാദവ് (4) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മനീഷിനൊപ്പം അക്സര്‍ പട്ടേല്‍ (14 പന്തില്‍ 21) ക്രീസില്‍ നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഡല്‍ഹിക്ക്. എന്നാല്‍ അക്സറിനെ പുറത്താക്കി വൈശാഖ് ആ പ്രതീക്ഷയും കെടുത്തി. വൈകാതെ മനീഷ്, വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. അമന് ഹകീം ഖാന് (18) സിറാജിനും വിക്കറ്റ് നല്കി. ആന്റിച്ച് നോര്‍ജെ (23), കുല്‍ദീപ് യാദവ് (7) പുറത്താവാതെ നിന്നു.
ബാംഗ്ലൂരിനുവേണ്ടി വിജയകുമാർ വൈശക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വെയ്ൻ പാർനെൽ, വാനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.