കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 5.45 ലക്ഷം രൂപ തട്ടിയ യുവാവും യുവതിയുമാണ് പിടിയിലായത്. ഗൂഡല്ലൂർ സ്വദേശിയായ നസീമ നസ്റിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസമായിരുന്നു തട്ടിപ്പ് നടന്നത്. നസീമയെ ചികിത്സിക്കുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ നസീമ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.
ഡോക്ടറുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ നസീമയുടെ സഹായിയായ മുഹമ്മദ് അമീൻ പകർത്തി. ഇത് പുറത്തുവിടാതിരിക്കാൻ ഇവർ പണം ആവശ്യപ്പെട്ടു. അപ്പോൾ തന്നെ ഡോക്ടർ ഗൂഗിൾ പേ വഴി 45000 രൂപ നൽകി.
പിന്നീട് കാറിന്റെ താക്കോൽ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോൽ ഡോക്ടർക്ക് തിരികെ നൽകിയത്.
വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടു. ഇതോടുകൂടിയാണ് ഡോക്ടർ പരാതിയുമായി പൊലീസിൽ എത്തിയത്. പ്രതികൾ രണ്ടുപേരും ഇടുക്കിയിലായിരുന്നു. തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവരുടെ ഫോണിൽനിന്നു ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.