കണ്ണൂർ: ബിജെപി നേതാക്കൾ ക്രൈസ്തവ മതമേലധ്യക്ഷൻമാരെ കാണാൻപോയത് ആശങ്ക ഉളവാക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്നും സുധാകരൻ പറഞ്ഞു.
എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് പിന്നാലെയാണ് കോൺഗ്രസ് കൂടിക്കാഴ്ച്ച. കർദ്ദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരൻ കൂടിക്കാഴ്ച നടത്തും.
റബർ വില സംബന്ധിച്ച് ബിഷപ് പാംപ്ലാനി മുൻപ് പങ്കുവച്ചത് കർഷകരുടെ ആശങ്കയാണ്. കേരളത്തിൽ ക്രൈസ്തവ സമൂഹം എക്കാലവും കോൺഗ്രസിനൊപ്പമാണ്. ബിജെപി നേതാക്കൾ ക്രൈസ്തവ മതമേലധ്യക്ഷൻമാരെ സന്ദർശിച്ചത് വിവാദമാക്കിയത് സിപിഎമ്മാണെന്നും സുധാകരൻ ആരോപിച്ചു.
സിപിഎം ഒരു വശത്ത് മുസ്ലിം വോട്ട് ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി നേതാക്കളുടെ സന്ദർശനം വിവാദമാക്കിയത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ പറഞ്ഞു. ബിജെപി നേതാക്കളുടെ സന്ദർശനം ഗൗരവമായി കാണണമെന്ന കെ.സി. ജോസഫിന്റെ പ്രസ്താവന അപക്വമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന തീവ്രശ്രമങ്ങളും അതിനോട് ചില സഭാനേതൃത്വങ്ങള്‍ പുലര്‍ത്തുന്ന അനുകൂല പ്രതികരണങ്ങളും പ്രതിരോധിക്കുന്നതിന് നീക്കങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സുധാകരന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം. വരും ദിവസങ്ങളില്‍ മറ്റു സഭാ അധ്യക്ഷന്മാരുമായും സുധാകരന് കൂടിക്കാഴ്ച നടത്തും. ബിജെപി നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ഒരു ചുക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം കെ.സുധാകരന് പറഞ്ഞു. യാചകന്മാര് വരും, വന്നതുപോലെ പോകും. സഭാ നേതൃത്വങ്ങളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയെ അങ്ങനെ കണ്ടാല്‍മതിയെന്നും സുധാകരന് വ്യക്തമാക്കി.