ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി മുൻ നേതാവും ജമ്മു കശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാൽ മാലിക്. പുൽവാമ ആക്രമണത്തിനു പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിർദ്ദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മാലിക് ആരോപിച്ചു.
പുല്‍വാമ ആക്രമണത്തിന് കാരണം സുരക്ഷാവീഴ്ചയാണ്. ഇക്കാര്യം പുറത്തുപറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധരിപ്പിച്ചെങ്കിലും, അദ്ദേഹവും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആവശ്യപ്പെട്ടതെന്ന് മാലിക്ക് വെളിപ്പെടുത്തി.
ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു. 2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം നടക്കുമ്പോൾ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. ആക്രമണത്തിൽ 40 ജവാൻമാരാണ് രക്തസാക്ഷികളായത്.
പുൽവാമ ആക്രമണത്തിനു പിന്നിൽ ഇന്റലിജൻസിനു സംഭവിച്ച വീഴ്ചയുമുണ്ടെന്ന് മാലിക്ക് പറഞ്ഞു. ആക്രമണത്തിനായി 300 കിലോഗ്രാം ആർഡിഎക്സുമായി പാക്കിസ്ഥാനിൽനിന്നാണ് വാഹനം വന്നത്. ജമ്മു കശ്മീരിലെ ഗ്രാമങ്ങളിലൂടെയും റോഡുകളിലൂടെയും ഈ വാഹനം 10–15 ദിവസം സഞ്ചരിച്ചെങ്കിലും ഇന്റലിജൻസ് ഏജൻസികൾക്ക് കണ്ടെത്താനായില്ലെന്ന് മാലിക്ക് ചൂണ്ടിക്കാട്ടി.
സൈനികരുടെ ഇത്രയും വലിയ സംഘം റോഡ് മാർഗം പോകാറില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമ മാർഗം സഞ്ചരിക്കാൻ സിആർപിഎഫ് അനുമതി തേടിയെങ്കിലും, ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും മാലിക്ക് വെളിപ്പെടുത്തി. അഞ്ച് ഹെലികോപ്റ്ററുകളാണ് ആവശ്യപ്പെട്ടതെങ്കിലും നൽകാൻ മന്ത്രാലയം കൂട്ടാക്കിയില്ലെന്ന് മാലിക്ക് പറഞ്ഞു.
സത്യപാൽ മാലിക്കിന്റെ പരാമർശങ്ങൾ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ വെളിപ്പെടുത്തലാണ് സത്യപാൽ മാലിക് നടത്തിയിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാവ് സല്മാന് സോസ് പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി ആരെന്ന് അറിയണമെന്ന് എസ്പി നേതാവ് മനോജ് സിങ് ആവശ്യപ്പെട്ടു.