വേനൽക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ് അഥവാ ചെങ്കണ്ണ്. ഇതുമൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെയാണ് കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്. മദ്രാസ് ഐ, പിങ്ക് ഐ എന്നും ഇത് അറിയപ്പെടുന്നു.
വൈറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വൈറസ് മൂലമാണ് ഈ രോഗം കൂടുതലും ഉണ്ടാകുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏഴാം ദിവസമാണ് രോഗം പ്രത്യക്ഷമാകുക. 14 ദിവസത്തിനുശേഷമേ പൂര്‍ണമായും ഭേദമാകൂ. രോഗം ബാധിച്ചാലും സ്ഥിരം കുളിക്കണം. ഇടക്കിടെ കണ്ണ് കഴുകണം. കണ്ണില്‍ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കണ്പോളകളില് വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.
അല്പമൊന്നു ശ്രദ്ധിച്ചാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്ന് മാത്രമല്ല രോഗം വരാതിരിക്കാനും പകരാതിരിക്കാനും കൂടി സാധ്യതയുണ്ട്. മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഇവയാണ് ലക്ഷണങ്ങൾ
കണ്ണിന് ചുവപ്പ്
കണ്ണിന് വേദന, ചുവപ്പ്
കണ്ണിൽ നിന്ന് വെള്ളമൊഴുകൽ
കൺപോളകൾക്ക് വീർപ്പ്
വെളിച്ചത്തിൽ നോക്കുമ്പോൾ കണ്ണിന് വേദന
കണ്ണിൽ പീളകെട്ടൽ
കണ്ണിന്റെ ഉള്ളിൽ നിന്ന് കൊഴുത്ത ഒരു ദ്രാവകം വരുക
തുടക്കത്തിൽ തന്നെ ചികിത്സിക്കണം. അല്ലെങ്കിൽ അത് പകരാനിടയാകും. ചിലപ്പോൾ ഗുരുതരമായ നേത്രപടലത്തെ തന്നെ ബാധിച്ചേക്കാം.
രോഗം പടരുന്നത് ഇങ്ങനെ
രോഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോഗം പകരാൻ ഇടയാക്കുന്നത്. രോഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോഗിച്ച് രോഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോഗം പകരും. ഇതുമാത്രമല്ല, രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അവരിലേക്കും രോഗം പകരും. പൊതുവേ സ്കൂളുകളിലും ഹോസ്റ്റലുകളിലുമൊക്കെ രോഗം പെട്ടെന്ന് പടരാനുള്ള കാരണം ഇതാണ്.
ഇതൊന്നും അരുത്
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്.
ചികിത്സ
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതില്ല. മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം. ആയുർവേദ മരുന്നുകൾ മാത്രം മതിയാകും ചെങ്കണ്ണ് ശമിപ്പിക്കുന്നതിന്. എന്നാൽ, സ്വയം ചികിത്സയിലൂടെ ചെങ്കണ്ണ് അപകടാവസ്ഥയിലേക്കും മാറാം.
ചെങ്കണ്ണ് പിടിപെടാതിരിക്കണമെങ്കിൽ എരിവും പുളിയും ഉപ്പും ചൂടും മാംസാഹാരവും കുറയ്ക്കുക. ശരിയായ മലശോധന ലഭിക്കുന്ന വിധം ഭക്ഷണം കഴിക്കുക. രോഗമുള്ളവരിൽ നിന്ന് അകന്നിരിക്കുക,തുളസിയിലയുടെ നീര് കണ്ണിലൊഴിക്കുക എന്നിവ കൂടി ശ്രദ്ധിക്കണം.