കണ്ണൂര്‍: വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം സംസ്ഥാനത്ത് നടക്കുന്നതിനിടെ സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും പരിഹസിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്ന് ഗോവിന്ദനെ പരിഹസിച്ച് കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് വലിയ കുട്ടയില്‍ അപ്പം വില്ക്കാന് കുടുംബശ്രീക്കാര് രാവിലെ ഒന്‍പതിന് പുറപ്പെട്ടാല്‍, വില്‍പ്പന നടത്തി ഉച്ചയ്ക്ക് 12-ന് ട്രെയിന്‍ കയറി 1.30-ന് വീട്ടിലെത്തി ഭക്ഷണം കഴിക്കാമെന്ന് സില്‍വര്‍ ലൈനിനെ ന്യായീകരിച്ച് നേരത്തെ എം.വി ഗോവിന്ദന് പ്രസംഗിച്ചിരുന്നു. ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ആയിരുന്നു പരാമര്‍ശം.