തിരുവനന്തപുരം: ലൈഫ്മിഷന് കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റുനടന്ന് 60 ദിവസം പിന്നിടുന്നതിനിടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിൽ അറസ്റ്റിലായി നിലവിൽ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിന്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം.
ലൈഫ് മിഷന് കോഴ ശിവശങ്കറിന്റെ കൈകളിലെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുവെന്നാണ് വിവരം. അദ്ദേഹത്തിനുവേണ്ടിയാണ് സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിച്ചതെന്ന് ഇ.ഡി. കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉള്‍പ്പെടെ വിശദീകരിച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ശിവശങ്കറിന്റെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ മറ്റു പ്രതികളുടെ മേലുള്ള അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വൻ സ്വാധീനമുള്ളതിനാൽ ശിവശങ്കർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുൻകൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജാമ്യാപേക്ഷ തള്ളിയത്.
നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.