ശ്രീനഗർ: ഏറെ പ്രസിദ്ധമായ ശ്രീനഗർ ജാമിഅ മസ്ജിദിൽ റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ഇതേതുടർന്ന് ഇന്ന് ഉച്ചക്ക് നടക്കേണ്ട ജുമുഅ നമസ്കാരം നടത്താനായില്ല. പള്ളിയിൽ ജുമുഅത്തുൽ വിദാ (വിടവാങ്ങൽ ജുമുഅ) എന്ന പേരിൽ അറിയപ്പെടുന്ന റമദാൻ മാസത്തെ അവസാന ജുമുഅ നമസ്കാരം നടത്താതിരിക്കാൻ ആവശ്യപ്പെട്ട ഭരണകൂടം പള്ളിയുടെ ഗേറ്റുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടു.
ചരിത്ര പ്രസിദ്ധമായ പള്ളിയിൽ ഇന്ന് രാവിലെ 9.30ന് ജില്ല മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് നിരോധനം സംബന്ധമായ അറിയിപ്പ് നൽകിയതെന്ന് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. എന്നാൽ കമ്മറ്റി പ്രതിഷേധം അറിയിച്ചെങ്കിലും തീരുമാനത്തിൽനിന്ന് പിന്മാറാൻ അധികൃതർ തയാറായില്ല. ഇതോടെ പള്ളിയിൽ ജുമുഅ നമസ്കാരം തടസ്സപ്പെടുകയായിരുന്നു
റമദാനിലെ അവസാന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ എത്താറുള്ളത്. കഴിഞ്ഞ വർഷവും റമദാനിൽ ഇത്തരത്തിൽ അവസാന ജുമുഅക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ബറാഅത്ത് രാവിൽ പള്ളിയിൽ നടക്കാറുള്ള പ്രത്യേക സംഗമവും അധികൃതർ തടഞ്ഞിരുന്നു.