മൊഹാലി: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 154 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 19.5 ഓവറിലാണ് ലക്ഷ്യം കണ്ടത്. അവസാനം വരെ ഇരു ടീമുകളും മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ഗുജറാത്ത് കരസ്ഥമാക്കുകയായിരുന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
സാം കറന് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.
സായ് സുദര്ശന് (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു.
അർഷീദ് സിങ്, റബാദ, ഹർപ്രീത് ബ്രാർ, സാം കറൻ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റുകൾ വീഴ്ത്തിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) സ്കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാന് സിംഗ് (2), ശിഖര്‍ ധവാന് (8) എന്നിവരെ 28 റണ്‍സുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോര്‍ട്ടിന്റെ ഇന്നിംഗ്സാണ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്. 24 പന്തുകള്‍ നേരിട്ട ഓസ്ട്രേലിയന്‍ താരം ഒരു സിക്സും നാല് ഫോറും നേടി. ഭാനുക രജപക്സ (20), ജിതേശ് ശര്‍മ (25), സാം കറന് (22), ഹര്‍പ്രീത് ബ്രാര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഋഷി ധവാന് (1) പുറത്താവാതെ നിന്നു.
ഗുജറാത്തിനായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് വീഴ്ത്തി. മോഹിത് ശർമയ്ക്ക് പുറമെ റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.