തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന് സാധ്യത. തിരുവനന്തപുരം -കണ്ണൂർ റൂട്ടിൽ ആകും ട്രെയിൻ സർവീസ് നടത്തുക. നിർമാണം പൂർത്തിയായ വന്ദേഭാരത് ട്രെയിൻ കേരളത്തിനാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും.
വന്ദേഭാരത് സർവീസിന് തയ്യാറെടുപ്പ് നടത്താൻ സതേൺ റെയിൽവേക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. 25-ന് തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് പ്രധാനമന്ത്രി ഫ്ളാഗ് ചെയ്യുക. ഫ്ളാഗ് ഓഫിന് മുമ്പായി പരീക്ഷണ ഓട്ടങ്ങള്‍ നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. കേരളത്തിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക.
സ്റ്റോപ്പുകൾ കുറച്ച് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നത് നേട്ടം. കെ റെയിലിന് കേന്ദ്രം റെഡ് സിഗ്നലിട്ട സമയത്ത് വന്ദേഭാരത് വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചിരുന്നു. സിൽവർലൈനോട് മുഖം തിരിച്ചതോടെ കേന്ദ്രം വികസനവിരുദ്ധ നിലപാടെടുക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫ് ഉയർത്തിയിരുന്നു.