യാങ്കൂൺ: മ്യാൻമറിലെ പട്ടാള ഭരണത്തിനെതിരെ പോരാടുന്ന വിമതർക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ മരിച്ചതായി റിപ്പോർട്ട്. 16 കുട്ടികളടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. സജെയ്ങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (പിഡിഎഫ്) ഓഫിസ് തുറക്കുന്ന ചടങ്ങിനുനേരെയുണ്ടായ ആക്രമണത്തിലാണു കൂട്ടക്കുരുതി.
പട്ടാളഭരണത്തെ എതിർക്കുന്ന കൻപാലു പീപ്പിൾസ് അഡ്മിനിസ്ട്രേഷൻ ടീമിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ആക്രമണം. ഇരുനൂറിലധികംപേർ ഓഫീസ് പരിസരത്ത് തടിച്ചുകൂടി. ആദ്യം വിമാനത്തിൽ എത്തി പ്രദേശത്ത് ബോംബ് ഇടുകയായിരുന്നു. 10 മിനിറ്റിനു പിന്നാലെ സൈനിക ഹെലികോപ്റ്ററും സ്ഥലത്ത് എത്തി. ചിതറിയോടിയ ജനക്കൂട്ടത്തിനുനേരെ ഹെലികോപ്റ്ററിൽനിന്ന് വെടിയുതിർത്തു.
‘ഭീകരരും’ അവരെ സഹായിച്ച നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പട്ടാളത്തിന്റെ പ്രതികരണം. കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നും നാട്ടുകാരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഭീകരരെ സഹായിക്കാന്‍ നിര്ബന്ധിതരായതു കൊണ്ടുമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. സമീപകാലത്തു പട്ടാളം നടത്തിയ വലിയ വ്യോമാക്രമണങ്ങളിൽ ഒന്നാണിത്. 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു പട്ടാളം അധികാരം പിടിച്ചത്.
ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. 2021 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില്‍ 600ല്‍ അധികം വ്യോമാക്രമണമാണ് മ്യാന്മര് സൈന്യം നടത്തിയത്.
2021-ലാണ് ഓങ് സാന്‍ സ്യൂചിയുടെ കീഴിലുള്ള ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചടക്കുന്നത്. അന്നു മുതല്‍ മ്യാന്മറില് ആഭ്യന്തരയുദ്ധം ശക്തി പ്രാപിച്ചത്.