കോട്ടയം: ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതിയൻ കാതോലിക്കാബാവാ. മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ പ്രതികരണം. ആർ.എസ്.എസ്സിനെയും വിചാരധാരയെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് രംഗത്തെത്തിയിരുന്നു.
ബി.ജെ.പിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്നാണ് ഗീവർഗീസ് മാർ യൂലിയോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആർ.എസ്.എസ്സിന് കുറേ നല്ല കാര്യങ്ങളുണ്ടെന്നും വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിശദീകരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.