തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന് കാമുകിയും ക്വട്ടേഷന്‍ സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപ്രതികള്‍ കീഴടങ്ങി. അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്. ഏഴാംപ്രതിയായ ജോസഫ് ഒളിവിലാണ്.
ഒന്നാംപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയയേയും കേസിലെ എട്ടാംപ്രതിയായ അമല്മോഹനേയും കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന.
അതേസമയം, മര്‍ദനമേറ്റ യുവാവ് ലക്ഷ്മിപ്രിയയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നതായുള്ള പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന് യുവാവിനെ യുവതിയും ക്വട്ടേഷൻ സംഘവും കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ബിയര്‍കുപ്പി കൊണ്ട് തലക്കടിയേറ്റ് ക്രൂര മർദനത്തിനിരയായ യുവാവിനെ പിന്നീട് വൈറ്റിലയിലെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവശേഷം ലക്ഷ്മിപ്രിയയും പുരുഷസുഹൃത്തും സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എറണാകുളം തമ്മനത്തുവച്ച് കാര്‍ റോഡരികിലുള്ള വൈദ്യുതത്തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അപകടശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പാലാരിവട്ടം പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനുശേഷം കഴക്കൂട്ടം കുളത്തൂരില്നിന്നാണ് ലക്ഷ്മിപ്രിയ പിടിയിലായത്.