തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. എസ്എഫ്ഐ നേതാക്കളായിരുന്നവരാണ് വിവാദമായ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾ.
രേഖകളിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. രേഖകളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച പുതുക്കിയ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നാലു വര്‍ഷം മുമ്പാണ് പി.എസ്.സി ചോദ്യപേപ്പര്‍ തട്ടിപ്പു നടക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളായ അഞ്ച് എസ്.എഫ്.ഐ നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ തട്ടിപ്പിലൂടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് പരീക്ഷാത്തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ പരീക്ഷയെഴുതുകയും യഥാക്രമം ഒന്ന്, രണ്ട്, 28 റാങ്കുകള്‍ നേടുകയും ചെയ്തിരുന്നു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സ്മാർട്ട്വാച്ച്, ഇയർഫോൺ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ സൈബർ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സ്മാർട്ട് വാച്ചിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് ഉത്തരം വരുത്തി എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതാണ് ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്.