സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന് പരിപാടികളില്‍ നിന്നും വിട്ടു നില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. അതിനു പിന്നിലെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘നിര്‍ഭാഗ്യവശാല്‍ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു’ സാമന്ത റൂത്ത് പ്രഭു ട്വീറ്ററില്‍ കുറിച്ചു.
ആറ് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ അടുത്തിടെയാണ് സാമന്ത മയോസിറ്റിസില്‍ നിന്ന് സുഖം പ്രാപിച്ചത്. താരത്തിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് സൗഖ്യമാശംസിച്ചത്. അതേ സമയം സാമന്തയുടെ ആരോഗ്യ നില പരിഗണിച്ച് ദില്‍ രാജുവാകട്ടെ ബുധനാഴ്ച രാത്രി നടത്താനിരുന്ന ‘ശാകുന്തളം’ പ്രീമിയര്‍ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്.
സാമന്ത ഇപ്പോള്‍ ‘സിറ്റാഡല്‍’ എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ‘ഖുശി’യുടെയും ചിത്രീകരണത്തിലാണ്.
അതേസമയം, കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ റിലീസ്ചെയ്യാനരുങ്ങുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് മറ്റൊരു പ്രധാന കഥാപാത്രം. ത്രീഡിയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന് ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗുണ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്.