കൂവപ്പടി ജി. ഹരികുമാര്‍
ചേന്ദമംഗലം: പോയകാലത്തിന്റെ ചരിത്രവും പ്രൗഢിയും ഓര്‍മ്മിപ്പിക്കുന്ന തിരുശേഷിപ്പുകളാണ് ചേന്ദമംഗലത്തിന്റെ മണ്ണിലുടനീളം.
ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യ തുറമുഖകേന്ദ്രമായിരുന്ന മുസിരിസിന്റെ ഭാഗമായ ചേന്ദമംഗലത്ത് പണ്ടുണ്ടായിരുന്ന ‘ബാര്‍ട്ടര്‍ സമ്പ്രദായം’ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പുതിയ കാലത്തിന്റെ വിപണി വൈവിദ്ധ്യങ്ങളുമായി ഗ്രാമപഞ്ചായത്തിന്റെ വിഷുമാറ്റച്ചന്തയ്ക്ക് തുടക്കമായി. കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഈ മുസിരിസ് പൈതൃകഗ്രാമത്തിലെ വിഷുമാറ്റച്ചന്തയിലെ പരമ്പരാഗത ഉത്പന്നങ്ങളുടെ സ്റ്റാളുകളില്‍ സാമാന്യം നല്ല വില്പനയാണ് നടക്കുന്നത്.
പാലിയം സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച മാറ്റചന്ത വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വന് അദ്ധ്യക്ഷയായി. കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി.ആര്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മെമ്പര്‍ എ.എസ് അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ടി.ആര്. ലാലന്, കെ.എസ് ശിവദാസന്‍, കെ.പി. ഹരിദാസ്, വി.യു. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും, കലാപരിപാടികളും നടന്നു. മണ്‍പാത്രങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, കൈത്തറി, എന്നിവയുടെ സ്റ്റാളുകളും വിപണി മേളയില്‍ ഉണ്ട്. മാറ്റചന്ത വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും.