കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ നാലംഗ സംഘം പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അക്രമി സംഘത്തിന് കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന്റേതെന്ന് കരുതുന്ന കാർ കാസർഗോഡ് ചെർക്കളയിലെ ഷോറൂമിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
കാസർഗോഡ് തളങ്കര സ്വദേശിയുടെ വാഹനമാണ് ആക്രമി സംഘം വാടകയ്ക്ക് എടുത്തത്. ചെർക്കളയിലെ കാർ ഷോറൂമിൽ നിന്ന് ഇന്ന് രാവിലെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് നിന്നുള്ള അന്വേഷണസംഘം കാസർഗോഡ് എത്തി. കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ആക്രമി സംഘത്തിലേക്ക് എത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പരപ്പൻ പൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫി (38)യേയും ഭാര്യ സെനിയയേയുമാണ് വെള്ളി രാത്രി ഒമ്പതോടെ നാലുപേർ കാറിൽ കയറ്റി കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കി വിട്ടു. സംഭവത്തിന് മുമ്പ് കൊടുവള്ളി സ്വദേശിയുടെ നേതൃത്വത്തിൽ ഷാഫിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇടപാടുകാരും മറ്റും ഒരു മാസം മുമ്പ് വീട്ടിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയുംചെയ്തു. കേസിൽ ശനിയാഴ്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.