കോഴിക്കോട്: ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഹൈദരാബാദില്‍ നിന്നുള്ള ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. റില്‍വാന്‍ ഒളാന്റ്യു ഹസന്, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ശ്രീനിഥിയുടെ സ്കോറര്‍മാര്‍.
ആദ്യ മത്സരത്തില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആദ്യ പകുതിയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ താളംകണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സ് പാടുപെട്ടപ്പോള്‍ ശ്രീനിഥി മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. 17-ാം മിനിറ്റില്‍ ശ്രീനിധിയുടെ കൊന്‍സം ഫാല്‍ഗുനി സിങ് നല്കിയ പാസ് സ്വീകരിച്ച് ഇടതുഭാഗത്ത് കൂടി മുന്നേറിയ ഹസന് പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
പിന്നാലെ 43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ശ്രീനിധി വീണ്ടും മുന്നിലെത്തി. ഇടതുവിങ്ങിലൂടെ മുന്നേറി സൊറൈഷാം ദിനേഷ് സിങ് നല്കിയ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സില്‍ വെച്ച് കിടിലനൊരു വോളിയിലൂടെ ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മത്സരത്തിലേക്ക് തിരികെയെത്താന്‍ സാധിച്ചില്ല.
ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ശ്രീനിധി നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും. 16ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സിയെ നേരിടും.