തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന് നന്ദി കാട്ടിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്.
കേസിന്റെ തുടക്കം മുതൽ ലോകായുക്ത മുഖ്യമന്ത്രിയെ രക്ഷിക്കാൻ അട്ടിമറി നടത്തി. ലോകായുക്തയുടെ ഉദയക്രിയയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന പിണറായി വിജയൻ ചെയ്തത്. ഇകെ നായനാർ മുഖ്യമന്ത്രി ആയിരിക്കുകയാണ് രാജ്യത്തിന് മാതൃകയായി ലോകായുക്ത തുടങ്ങിയത്. കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്ന സംവിധാനമാക്കി ലോകായുക്തയെ പിണറായി വിജയൻ മാറ്റിയെന്നും കെ സുധാകരൻ പറഞ്ഞു.
മന്ത്രിസഭാ തീരുമാനം എന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കിയതിലെ അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നും കണ്ടെത്തിയാണ് 2019-ല്‍ അന്നത്തെ ലോകായുക്ത കേസെടുത്തത്. ഈ തീരുമാനത്തിനെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീല്‍പോലും നല്‍കിയില്ല. തുടര്‍ന്ന് 2022-ല്‍ മൂന്നുവര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോള്‍ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. അപ്പോഴാണ് ദുരിതാശ്വാസനിധി കേസ് ലോകായുക്തയ്ക്ക് പരിഗണനയ്ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതല്‍ വീണ്ടും പരിഗണിക്കാനായി ഫുള്‍ബെഞ്ചിന് വിട്ട് അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതും.- സുധാകരന് അഭിപ്രായപ്പെട്ടു.
അതേസമയം, നിയമപരമായി നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ റിവ്യൂ ഹരജി ലോകായുക്ത തള്ളിയത്. ഹരജിക്കാരനായ ആർഎസ് ശശികുമാർ സമർപ്പിച്ച റിവ്യൂ പെറ്റീഷൻ ആണ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങൾ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് ലോകായുക്തയുടെ പ്രസ്താവന. ഹരജിക്കാരൻ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ലെന്നും മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.