ന്യൂഡല്‍ഹി: അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഡൽഹിയെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്താണ് മുംബൈ മറികടന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. 45 പന്തുകള്‍ നേരിട്ട രോഹിത് 65 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന് കിഷനും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിലക് വര്‍മയും മുംബൈക്കായി മികച്ച പ്രകടനം നടത്തി.
അവസാന ഓവറുകള്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി മുംബൈയെ ടിം ഡേവിഡും (11 പന്തില്‍ 13*), കാമറൂണ്‍ ഗ്രീനും (എട്ട് പന്തില്‍ 17*) ചേര്‍ന്നാണ് ഒടുവില്‍ വിജയത്തിലെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി തിളങ്ങിയെങ്കിലും ക്യാപ്റ്റന്റെ മുട്ടിക്കളി ഡല്‍ഹിയെ 19.4 ഓവറില്‍ 172ല്‍ ഒതുക്കി.ഓപ്പണറായി ഇറങ്ങി 43 പന്തില്‍ അര്‍ധസഞ്ചുറി തികച്ച വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തില്‍ 54 റണ്‍സടിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.പൃഥ്വി ഷായും ഡല്‍ഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ പതിമൂന്നാം ഓവറില്‍ 98-5ലേക്ക് തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ ആണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 22 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷര്‍ അര്‍ധസെഞ്ചുറി തികച്ചത്.
മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.